ഇതിനുമുൻപും നമ്മളു ഫോട്ടോഷോപ്പിൽ ബ്യൂട്ടിപാർലർ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. സ്വർണമുടിയും ഹെയർ കളറിംഗുമെല്ലാം. എന്നാൽ ഇന്നു ഞമ്മളു ഫോട്ടോഷോപ്പിൽ ബാർബർ ഷോപ്പൂകൂടെ തുടങ്ങാനുള്ള പരിപാടിയാ. ചുമ്മാ കച്ചോടം കൊഴുക്കട്ടേന്നു, ന്തേ അങ്ങനന്നല്ലെ കോയാ... മുടിമുറിക്കൽ ബല്ലാത്തൊരു ഹലാക്കിലെ പണിയാണെന്നു പറയാതെവയ്യ. പെൻ ടൂൾ ഉപയോഗിച്ചും ലാസ്സോടൂൾ ഉപയോഗിച്ചും മറ്റുപല മാർഗങ്ങൾ ഉപയോഗിച്ചും മുടിമുറിക്കാം. എന്നാൽ അതിനൊക്കെ കൂടുതൽ ക്ഷമയും ശ്രദ്ധയും സമയവും ആവശ്യമാണു. ഈ ടൂട്ടോറിയൽ സ്റ്റുഡിയോ ചിത്രങ്ങൾ പോലുള്ള സിങ്കിള്‍ ബാക്ക്ഗ്രൌണ്ട് ചിത്രങ്ങളില്‍ ആണു പ്രായോഗികം എന്നു ആദ്യമേ പറയട്ടേ. ഞാന്‍ ഇവിടെ വൈറ്റ് ബാക്ക്ഗ്രൌണ്ട് ചിത്രമാണു ഉപയോഗിച്ചിരിക്കുന്നതെങ്കിലും മറ്റുകളര്‍ ബാക്ക്ഗ്രൌണ്ടുള്ള ചിത്രങ്ങളും ഉപയോഗിക്കാം. ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അല്പം വ്യക്തതയുള്ളതാവുന്നത് പണികൂടുതല്‍ എളുപ്പമാക്കും.
ഇതാണു നമ്മള്‍ ഫോട്ടൊഷോപ്പില്‍ പണി പടിക്കാന്‍ പോകുന്ന ചിത്രം. ആദ്യം നമുക്ക് നമ്മുടെ ചിത്രത്തെ ഫോട്ടോഷോപ്പില്‍ ഓപണ്‍ ചെയ്യാം.
ഇനി നമ്മടെ ലയര്‍ പാലറ്റ്നു തൊട്ടടുത്ത് കാണുന്ന ചാനല്‍ പാലറ്റ് ഓപണ്‍ ചെയ്യുക. (ചിത്രം ശ്രദ്ധിച്ചാല്‍ മനസിലാക്കാം) അവിടെയുള്ള റെഡ്, ബ്ലൂ, ഗ്രീന്‍ ചാനലുകളില്‍ നിന്നു അല്പം കോണ്ട്രസ്റ്റ് കൂടുതലുള്ള ഒരു ചാനലിനെ എടുത്ത് താഴെയുള്ള ന്യൂ ലയര്‍ ഐകണിലേക്ക് ഡ്രാഗ് ചെയ്യുക. നിങ്ങള്‍ക്കൊരു പുതിയ ചാനല്‍ കിട്ടിയിരിക്കും. ചിത്രം ശ്രദ്ധിക്കു.
ഇനി നമുക്ക് കളര്‍ ലവല്‍ ഒന്നു ശരിയാക്കണം. നമ്മള്‍ പുതിയതായി ഉണ്ടാക്കിയ ചാനല്‍മാത്രം സെലെക്‍റ്റ് ചെയ്ത് Ctrl + L പ്രസ്സ് ചെയ്ത് ലെവല്‍സ് ഓപണ്‍ ചെയ്യുക. ചിത്രത്തില്‍ കാണുന്നത് പോലെ നിങ്ങളുടെ ചിത്രത്തിനനുസൃതമായി ലവല്‍സ് ക്രമീകരിക്കുക. ഇതുവഴി നമ്മുടെ ചിത്രത്തില്‍ ഉള്ള ഹെയര്‍ പിക്സലുകള്‍ എല്ലാം കൂടുതല്‍ മിഴിവുള്ളതാക്കാന്‍ വേണ്ടിയാണിത്.
ബാക്ക്ഗ്രൌണ്ട് വൈറ്റ് അല്ലെങ്കില്‍ dodge tool ഉപയോഗിച്ച് (ഒപാസിറ്റി അല്പം കുറക്കാന്‍ മറക്കരുത്) ചിത്രത്തിന്‍റെ ബാക്ക്ഗ്രൌണ്ടില്‍ ഒന്നു പെരുമാറുക. അപ്പോള്‍ അല്പം കോണ്ട്രസ്റ്റ് നമ്മുടെ ചിത്രത്തിനുകിട്ടും. പരമാവധി dodge tool മുടിയില്‍ തട്ടാതെ ബാക്ക്ഗ്രൌണ്ടില്‍ മാത്രമാവാന്‍ ശ്രദ്ധിക്കുക. ഇനി burn tool ഉപയോഗിച്ച് ചിത്രത്തിന്‍റെ ഡാര്‍ക്ക് ഏരിയകളില്‍ അതായത് നമുക്ക് കട്ട് ചെയ്തെടുക്കേണ്ട ഭാഗത്ത് മൊത്തത്തില്‍ പ്രയോഗിക്കുക. അങ്ങനെ ചുമ്മാ പ്രയോഗിച്ചാല്‍ പോരാ. മൊത്തം ബ്ലാക്ക് ആകുന്നവരെ കത്തിച്ചു(burn)കൊണ്ടേ ഇരിക്കണം. എന്നിട്ടും കത്താത്ത വൈറ്റ് കളറുകള്‍ ഉണ്ടെങ്കില്‍ അവിടെ ബ്രഷ്ടൂള്‍ ഉപയോഗിച്ച് ഒരു കാച്ചങ്ങു കാച്ചിയേക്കണം. അപ്പം ദേ ചിത്രത്തില്‍ കാണുന്നപോലൊരു പോസില്‍ സംഭവം കിട്ടും.
ഇനി നമുക്കിതിനെ ഒന്നു തിരിച്ചിടാം. Ctrl+I പ്രസ്സ് ചെയ്യുക. അപ്പം ദേ ഇങ്ങനെ കിട്ടും. ശേഷം Ctrl ബട്ടണ്‍ ഞെക്കിപിടിച്ച് ചാനല്‍ പാലറ്റിലെ നമ്മള്‍ ഉണ്ടാക്കിയ പുതിയ ചാനല്‍ ചെറുചിത്രത്തില്‍ മൌസ്‍വെച്ച് ഒരു കുത്തങ്ങു കുത്തുക. അപ്പം അതിങ്ങനെ സെലെക്‍റ്റ് ആയിവരും. ഇനി നമ്മടെ ചാനല്‍ പാലറ്റിലെ എല്ലാ ലയറുകളും സെലെക്‍റ്റ് ചെയ്യുക. ശേഷം നമുക്ക് ലയര്‍ പാലറ്റിലേക്ക് മടങ്ങാം.
ഇനി നമ്മുടെ ഫോട്ടോയുടെ ലോക്ക് ഒരു ഡബിള്‍ ക്ലിക്കില്‍ തുറന്ന് ലയറിനെ സ്വതന്ത്രമാക്കുക. ശേഷം select >> inverse പോകുക. ഇനി ഇറേസര്‍ ടൂള്‍ ഉപയോഗിച്ച് തലങ്ങും വിലങ്ങും പ്രയോഗിച്ചോളൂ. ഇപ്പം ശാസ്ത്രീയമായി നമ്മള്‍ ഹെയര്‍ കട്ടിംഗ് നടത്തിയിരിക്കുന്നു.
ശേഷം പുതിയ ഒരു ലയര്‍ ക്രിയേറ്റ് ചെയ്ത് നമ്മുടെ ഒറിജിനല്‍ ചിത്രത്തിന്‍റെ അടിയിലേക്ക് ഡ്രാഗ് ചെയ്യുക. ഇഷ്ടമുള്ള നിറമോ പാറ്റേണോ നല്‍കാം. അതല്ലെങ്കില്‍ ബാക്ക്ഗ്രൌണ്ടായി മറ്റു ചിത്രങ്ങള്‍ നല്‍കാം. ചെറിയ പോരായ്മകള്‍ ഒരുപക്ഷെ നമ്മുടെ ചിത്രത്തിന്‍റെ ക്വാളിറ്റിക്കനുസരിച്ച് വന്നേക്കാം. അതിനെ ഫൊട്ടോഷോപ്പിന്‍റെ മറ്റു ടൂളുകള്‍ ഉപയോഗിച്ച് നിഷ്കരുണം നേരിടുക.